എഴുതി ചിട്ടപ്പെടുത്തി വച്ചിരിക്കുന്ന സിലബസിനേക്കാൾ കുട്ടികളുടെ കഴിവുകൾക്കും താല്പര്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു സ്കൂൾ . വിദ്യാർത്ഥികളുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു പ്രധാന അദ്ധ്യാപകൻ . ഓരോ വിദ്യാർത്ഥിയും തമ്മിൽ വളരെ അധികം വ്യത്യാസങ്ങൾ ഉണ്ടെന്നും അതുകൊണ്ടു തന്നെ അവരെ പഠിപ്പിക്കേണ്ട രീതി പലതാണെന്നും മനസ്സിലാക്കി പ്രവർത്തിക്കുന്ന അദ്ധ്യാപകർ. ശാരീരികമായ വൈകല്യങ്ങൾ ഉള്ളവരും ഇല്ലാത്തവരും ഒരുപോലെ ചങ്ങാത്തം കൂടി പഠിക്കുന്ന ഒരിടം. അതെ ലോകമെങ്ങും പ്രചാരത്തിലുള്ള “ടോട്ടോ-ചാൻ, ജനാലയ്ക്കരികിലെ വികൃതിക്കുട്ടി ” എന്ന പുസ്തകത്തിലെ ‘ടോമോ ഗാക്വെൻ ‘ എന്ന സ്കൂളിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. യൂണിസെഫ് ഗുഡ് വിൽ അംബാസഡർ ആയ തെത് സുകോ കുറോയാനഗി തൻറെ ബാല്യം ഏറ്റവും മനോഹരമാക്കിയ സ്കൂൾ ജീവിതത്തെ കുറിച്ച് മറ്റുള്ളവരോട് പങ്കുവയ്ക്കുന്നത് ഒരു പ്രോത്സാഹനം പോലെ ആണ് . വ്യത്യസ്തമായ എന്നാൽ ഫലപ്രദമായ വിദ്യാഭ്യാസ രീതികൾ നമ്മൾ ശീലിക്കേണ്ടതിന്റെ ഒരു ആവശ്യകതയാണ് അതിലൂടെ കാണുവാൻ സാധിക്കുന്നത്.
‘ടോമോ ഗാക്വെൻ’ എങ്ങനെയാണു കുട്ടികളുടെ പ്രിയപ്പെട്ടതാകുന്നത് ?
ഞാൻ എന്റെ സ്കൂൾ ജീവിതം ആസ്വദിച്ചിരുന്നോ എന്ന് ചോദിച്ചാൽ, ഒറ്റവാക്കിൽ “തീർച്ചയായും” എന്ന് മറുപടി നൽകി എന്നിരിക്കാം. എന്നാൽ വിശദമായി ചോദിച്ചാൽ കാര്യങ്ങൾ ചിലപ്പോൾ കൈവിട്ടു പോകാം. തുറന്നു പറഞ്ഞാൽ, “എല്ലാവരും സ്കൂളിൽ പോകണം എന്ന് പറയുന്നു അതുകൊണ്ടാ ഞാനും പോയത്”, “വീട്ടിൽ സമ്മതിക്കില്ല സ്കൂളിൽ പോകാതെ ഇരിക്കാൻ”, “നാണക്കേടല്ലേ പോയില്ലെങ്കിൽ” തുടങ്ങി പലതും ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു എന്ന് നിങ്ങൾക്കു മനസ്സിലാവും. ഇതിനർത്ഥം ഞാൻ സ്കൂൾ വിദ്യാഭ്യാസത്തിനു എതിരാണെന്നല്ല കേട്ടോ! രീതികൾ ആണ് മാറേണ്ടത്. ‘മറ്റാർക്കോ വേണ്ടി’ അല്ലെങ്കിൽ ‘എല്ലാവരും പോകുന്നത് കൊണ്ട്’ എന്നുള്ള മനോഭാവം കുട്ടികളിൽ നിന്നും മാറണം. ഉത്സാഹത്തോടെ, സന്തോഷത്തോടെ സ്കൂൾ ജീവിതം ആസ്വദിക്കാൻ അവർക്കു സാധിക്കണം. വിദ്യാഭ്യാസം തൊഴിലിനു വേണ്ടി മാത്രമല്ല ഓരോരുത്തരുടെയും ജന്മ സിദ്ധമായ കഴിവുകളെ ഉണർത്തി അതു മിനുക്കിയെടുക്കാനും ഭാവിയിൽ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുവാനും കൂടിയാണ്. തങ്ങളുടെ മനസ്സിൽ തോന്നുന്ന സംശയങ്ങൾ മാറ്റുവാനും, പ്രായോഗികമായി കാര്യങ്ങൾ മനസ്സിലാക്കുവാനും ടോട്ടോ-ചാന്റെ സ്കൂൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. പുസ്തകത്തിൽ വായിക്കുന്നത് പോലെ തന്റെ ആദ്യത്തെ സ്കൂളിൽ നിന്നും അച്ചടക്കമില്ലായ്‌മയ്‌ക്കു പുറത്താക്കപ്പെടുന്ന ടോട്ടോ, ടോമോ ഗാക്വെനിൽ വളരെ സന്തോഷത്തോടെ പോകുന്നത് തന്നെ അവളുടെ സംശയങ്ങളും ആശയങ്ങളും എല്ലാം അംഗീകരിക്കപ്പെടുന്നു എന്നതുകൊണ്ടാണ്. ആദ്യദിനം തന്നെ പ്രധാനാധ്യാപകൻ കൊബായാഷി മാസ്റ്ററുമായി ഉണ്ടാകുന്ന സംഭാഷണം ടോട്ടോയുടെ സ്കൂൾ ജീവിതത്തിലെ ആദ്യ അനുഭവം ആയിരുന്നു. തനിക്കു പറയാനുണ്ടായിരുന്നതെല്ലാം സാവകാശത്തോടെ, താല്പര്യത്തോടെ കേട്ടിരിക്കുന്ന ഒരു അദ്ധ്യാപകൻ! അപ്പോൾത്തന്നെ അവൾക്കു തന്റെ പുതിയ സ്കൂൾ പ്രിയപ്പെട്ടതായി.
സ്വാഭാവികമായി കുട്ടികളിൽ ഉണ്ടാകാവുന്ന സംശയങ്ങളും ആശയക്കുഴപ്പങ്ങളും നിസ്സാരമായി തള്ളിക്കളയാതെ അതിനു ശരിയായ കാരണങ്ങൾ അവർക്കു പറഞ്ഞു കൊടുക്കുന്നതു തന്നെ നല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷണങ്ങൾ ആണ്.
ഒരു ക്ലാസ് മുറിയിൽ തന്നെ മണിക്കൂറുകളോളം ഇരുന്നു പാഠങ്ങൾ തീർക്കുന്നത് കുട്ടികളിൽ കുറെയേറെ അറിവ് പകർന്നെന്നിരിക്കാം പക്ഷെ അവരുടെ സാമൂഹികവും മാനസികവുമായ വളർച്ചയെ ഒരിക്കലും സ്വാധീനിക്കില്ല. സഹജീവികളോടുള്ള സ്നേഹവും കരുണയും തുടങ്ങി വളരെ അധികം കാര്യങ്ങൾ പുസ്തകങ്ങൾക്കും ക്ലാസ്സ്മുറികൾക്കും അപ്പുറമുള്ള ലോകം അവരെ പഠിപ്പിക്കും.
നമുക്കെങ്ങനെ മാറാം?
കൊബായാഷിമാസ്റ്റർ തന്റെ കുട്ടികളെ മോശമായ വസ്ത്രം ധരിപ്പിച്ചു സ്കൂളിൽ വിട്ടാൽ മതി എന്ന് മാതാപിതാക്കളോട് പറയുന്നു. എന്തുകൊണ്ടാണത്? കുട്ടികൾ സ്കൂളിൽ കായികമായും പലതും ചെയ്തു എന്നിരിക്കും. അങ്ങനെ വരുമ്പോൾ നല്ല വസ്ത്രം ചീത്തയാവാതെ ഇരിക്കാനാണ് താൻ ആ രീതിയെ പ്രോത്സാഹിപ്പിച്ചത്. ഇത് നമ്മുടെ സ്കൂളികളിൽ പ്രാവർത്തികമാക്കാം എന്നാണോ ? ഒരു പരിധി വരെ സാധ്യമല്ല. എന്നാൽ നമുക്കു ചെയ്യുവാൻ കഴിയുന്ന ഒരു കാര്യം ഉണ്ട്. സ്കൂളിൽ നിന്ന് വരുന്ന കുട്ടിയുടെ വസ്ത്രം മുഷിഞ്ഞിരിക്കുന്നതു കണ്ടാൽ വടിയെടുക്കുന്ന മാതാപിതാക്കളാകാതെ ഇരിക്കാൻ നമുക്ക് കഴിയണം. അവർ ഉത്സാഹത്തോടെ ഓടുന്നതും കൂട്ടുകാരോടൊത്ത് കളിക്കുന്നതും വിലക്കാതെ ഇരിക്കാം.
ഒരു സിലബസ് ഇല്ലാതെ കുട്ടികളെ പഠിപ്പിക്കാം എന്നാണോ ? അല്ല ! പക്ഷെ തിരഞ്ഞെടുക്കുന്ന സിലബസ് നമ്മുടെ സാമൂഹത്തിലെ ഉയർച്ച കാണിക്കുന്നതിലുപരി കുട്ടികൾക്ക് എത്ര പ്രയോജനപ്പെടുന്നു എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. കുട്ടിയുടെ സ്കൂൾ തിരഞ്ഞെടുക്കുന്നത് ഒരിക്കലും സ്റ്റാറ്റസ് നോക്കിയിട്ടായിരിക്കരുത്. അവർ ഭാവിയിൽ സമൂഹത്തിനു പ്രയോജമുള്ളവരായി വളർന്നു വരുവാനായിരിക്കണം ഓരോ മാതാവും പിതാവും ശ്രമിക്കേണ്ടത്.
ഒരുപാട് സമയം പാഴാക്കാതെ കുട്ടികളെ സ്നേഹത്തോടെ പരിചരിക്കാൻ അധ്യാപകരും ശ്രമിക്കണം. അവരുടെ വിശേഷങ്ങൾ കേൾക്കാനും സംശയങ്ങൾ തീർത്തുകൊടുക്കാനും സമയം കണ്ടെത്തണം. ഓരോ വിദ്യാർത്ഥിയുടെയും കഴിവും താല്പര്യവും മനസ്സിലാക്കാൻ കഴിയുന്നത് ഒരു ടീച്ചറിന്റെ ഏറ്റവും വലിയ കഴിവാണ്. ഒരു ജോലി എന്നതിലപ്പുറം അദ്ധ്യാപനം ഒരു മഹത്തായ ധൗത്യമാണ്. ഓരോ വിദ്യാർത്ഥിയും തങ്ങളുടെ കയ്യിൽ ഏല്പിക്കപെടുന്ന ഒഴിഞ്ഞ പാത്രങ്ങളാണ്. അവരിൽ നന്മയുടെയും ജ്ഞാനത്തിന്റെയും അക്ഷരങ്ങൾ പകർന്നു കൊടുക്കേണം. ഇതൊക്കെ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു അദ്ധ്യാപക സമൂഹം നമുക്കുണ്ടാവണം.
ടോട്ടോച്ചാൻ തന്റെ പുസ്തകത്തിൽ വിവരിക്കുന്ന ഒരു രംഗമാണ് തന്റെ പ്രിയപ്പെട്ട പേഴ്സ് കളഞ്ഞു പോകുന്നതും അതു കണ്ടെത്താനായി അവൾ എടുക്കുന്ന കഷ്ടപ്പാടുകളും. അവളുടെ പ്രവർത്തി കാണുന്ന കൊബായാഷി മാസ്റ്റർ അവളെ തടുക്കുന്നില്ല, ശകാരിക്കുന്നില്ല പകരം ചെയ്ത പ്രവൃത്തി മുഴുമിച്ചു വൃത്തിയാക്കിയതിനു ശേഷം മാത്രം മടങ്ങിയാൽ മതി എന്ന് ഓർമ്മിപ്പിക്കുന്നു. ഇത് നമ്മുടെ ആളുകൾക്ക് ചിലപ്പോൾ സ്വീകരിക്കാവുന്നതാവില്ല. പക്ഷേ പരിചയ സമ്പന്നനായ ആ അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥിനിയെ താൻ തുടങ്ങി വെച്ച ജോലി പൂർത്തിയാക്കുവാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അവളുടെ ആത്മവിശ്വാസത്തെ കെടുത്താതെ അദ്ദേഹം തന്റെ കടമ നിർവഹിച്ചു. വിദ്യാഭ്യാസത്തിലൂടെ നമുക്ക് അറിവും ആത്മവിശ്വാസവും ഒരുപോലെ ഒത്തിണങ്ങിയ ഒരു തലമുറയെ വാർത്തെടുക്കുവാൻ സാധിക്കണം.
എല്ലാവരും ഒന്നിച്ചു പരിശ്രമിച്ചാൽ വളരെ നല്ല ഒരു വിദ്യഭ്യാസ സംസ്കാരം നമ്മുടെ നാട്ടിൽ കൊണ്ടുവരാൻ സാധിക്കും. കുട്ടികളെ യന്ത്രങ്ങളെ പോലെ വാർത്തെടുക്കാതെ അവരുടെ കഴിവുകളെയും കുറവുകളേയും ഒരുപോലെ മനസ്സിലാക്കി ശരിയായ പാതയിൽ നയിക്കുവാൻ സാധിക്കണം. ടോമോഗാക്വെൻ പോലെയല്ലെങ്കിലും കുട്ടികളെ ഓരോ ദിവസവും ആവേശത്തോടെ വരവേൽക്കാൻ സാധിക്കണം നമ്മുടെ വിദ്യാലയങ്ങൾക്ക്. മാതാപിതാക്കന്മാരും അദ്ധ്യാപകരും സമൂഹത്തിലെ ഓരോ കണ്ണിയും നമ്മുടെ കുട്ടികളുടെ ഭാവിയെ സ്വാധീനിക്കും എന്ന് മനസ്സിലാക്കി മുന്നോട്ടു പോകാം.