നിലമ്പൂരുനിന്നു അവരൊക്കെ വന്നു പോയതിൽ പിന്നെ തലയിൽ ഒരു ഭാഗം നിറയെ അവരുടെ കഥകളാണ്. ചത്തുമലച്ച പരല്മീനുകൾ നിറഞ്ഞ കാട്ടുനിലങ്ങളും, ഇരുട്ടിൽ വലയിടാൻ പോകുന്ന ചെറുപ്പക്കാരനും, ലഹരിയോട് ആർത്തിമൂത്ത കാർന്നോരും, അങ്ങനെ അങ്ങനെ.
എന്തുകൊണ്ടാണ് നമുക്കിങ്ങനെ കഥകൾ കിട്ടാത്തതെന്നു ചോദിച്ചപ്പോൾ പങ്കാളി പറഞ്ഞു നമുക്കും ഉണ്ടാവും കഥകളെന്ന്. എന്ത് കഥകൾ എന്ന് ചിന്തിച്ചു കുറെ സമയം അങ്ങനെ പോയി. ശെരിക്കൊരു പുസ്തകം വായിച്ചിട്ടു എത്രയോ ആയി. ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ ഒന്നുകൂടെ വായിച്ചു തീർക്കാനായി മേശപ്പുറത്തു എടുത്തു വച്ചിട്ട് അത് തുറന്നിട്ടേ ഇല്ല,
കഥകൾ മനസ്സിലും, തലയിലും ഒന്നും ഇല്ലേ? കഥകളൊക്കെ വറ്റിയോ?
ഇനി എവിടെ പോകണം കഥകൾ പൊട്ടി മുളയ്ക്കാൻ?
അങ്ങനെ വല്ലണ്ടൊക്കെ ചിന്തിച്ചു കിടന്നു. തലേന്നത്തെ ചെറിയ കൂടലിന്റെ ഒരു തളർച്ചയുണ്ട്. ഒരു നാലഞ്ചു തവണ വാളുവെച്ചു തളർന്നതുമാണ്. ഫോണിൽ ഒരു പാട്ടു വെച്ച് മറ്റൊന്നും ചിന്തിക്കരുതേ എന്ന് കരുതി കണ്ണടച്ച് കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു കയ്യിൽ പച്ചനിറമുള്ളൊരു തത്തയും മറ്റേതിൽ കറുകറുത്തൊരു കാക്കയുമായി നന്നേ പ്രായമായി മെലിഞ്ഞ ഒരു സ്ത്രീരൂപം. മുഖം ശെരിക്കു കാണാൻ കഴിഞ്ഞില്ല. മുഖമുണ്ടായിരുന്നോ എന്ന് പോലും ഓർക്കുന്നില്ല. അവരൊന്നും മിണ്ടുന്നില്ല. അനങ്ങുന്നില്ല. മിണ്ടുന്നതൊക്കെ തത്തയും കാക്കയും. അവർ തമ്മിലെന്തൊ തർക്കിക്കുന്ന പോലെ.
“ഞാനപ്പോഴേ പറഞ്ഞതല്ലേ നിന്നോട് പൊയ്‌ക്കോളാൻ. വെറുതെ ബാക്കിയുള്ളവർക്ക് കൂടി ശല്യം.” കാക്കയാണ് കയർക്കുന്നതു.
“അതിനു തനിക്കെന്താടോ ഞാനും താനും ഒരേ പോലെ തന്നെയാ. തനിക്കു നില്കാമെങ്കിൽ എനിക്കും ആവാം.” തത്തയും വിട്ടുകൊടുക്കുന്നില്ല.
എവിടെ നിൽക്കുന്നതിനെ കുറിച്ചാണിവർ പറയുന്നതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. കാക്കയുടെ കഴുത്തിൽ വട്ടത്തിൽ ഒരു പാടുണ്ട്. കറുത്ത തൂവലുകൾ ആ ഭാഗത്തു നിന്നും മാറി നിൽക്കുന്ന പോലെ. ആരുടെയോ തൂക്കുകയറിൽ നിന്നും രക്ഷപെട്ടോണം.
“നിനക്കൊക്കെ എവിടെ ചെന്നാലും ജീവിക്കാം. ‘പൂച്ച പൂച്ച’ എന്ന് പറഞ്ഞുതന്നു പാലും പഴവും തന്നു പുന്നാരിക്കും. എനിക്കങ്ങനെ അല്ല. ഈ കഴുത്തിൽ ഒരു കാലമാടൻ കയറിട്ട് വരിഞ്ഞതാ. എങ്ങനെയോ രക്ഷപെട്ടു വന്നു. നീ ഇവിടെ നിന്നാൽ ശരിയാവില്ല.” കാക്ക ഇത്തിരി ഇമോഷണൽ ആയപോലെ.
“ഹും ! താൻ എന്ത് കരുതിയെടോ. കൂട്ടിലങ്ങനെ കിടന്നു അവര് പറയുന്നതൊക്കെ തിരികെ പറഞ്ഞു വിരുന്നുകാരുടേം നാട്ടുകാരുടേം മുന്നിലൊക്കെ വിഡ്ഢിവേഷം കെട്ടുന്നത് വല്യ സുഖാണെന്നോ? ഇതുപോലെ ഒരു നശിച്ച ഏർപ്പാട് വേറെ ഇല്ല. ഇങ്ങനെ തന്നെ വളർന്നു വന്നതുകൊണ്ട് എവിടെങ്കിലും പോയി ജീവിക്കാനും അറിയില്ല. തിന്നാനൊന്നും കിട്ടില്ല. നല്ല കൊത്തു തന്നു ഓടിക്കാൻ ഞങ്ങടെ കൂട്ടരും മോശമല്ല. തനിക്കങ്ങനെ അല്ലാലോ.. താൻ പറന്നു പോയി എന്തേലും ഒക്കെ കൊത്തിപ്പെറുക്കി തിന്നു ജീവിക്കടോ.”
ഇത്രേം ഒക്കെയായിട്ടും കാർന്നോത്തി ഒന്നും മിണ്ടുന്നില്ല. എന്താണാവോ ഭാവം! കണ്ണുതുറന്നാൽ പെട്ടന്ന് എല്ലാം അപ്രത്യക്ഷ്യമായാലോ എന്നോർത്ത് കണ്ണടച്ച് തന്നെ കിടന്നു. കാർന്നോത്തിക്കു മുഖം വേണ്ടെന്നു തോന്നി.
“ചത്തതൊക്കെ തിന്നു മടുത്തു. ഞാൻ കാര്യമായി ഒന്ന് സുഖിച്ചു ജീവിക്കാനാ ഇവിടെ കൂടിയത്. ഇവിടാകുമ്പോൾ അരിയും, പഴവും, വെള്ളവും ഒക്കെ സമയാസമയത്തു വല്യ പ്രയാസം ഒന്നുമില്ലാതെ കിട്ടും.”
“ആ അപ്പൊ അതിന്റെ ഒരു ഭാഗത്തു ഞാനും നിന്നാൽ തനിക്കെന്താ. താനെന്താടോ ഇങ്ങനെ മനുഷ്യരെപ്പോലെ?
“ങും! ഒന്നോർത്താൽ താൻ ഇവിടെ ഒള്ളത് നല്ലതു തന്നെയാ. എന്തേലും മിണ്ടീം പറഞ്ഞും ഇരിക്കാലോ”
“അതെ അതാണ് അതിന്റെ ഒരു ശെരി.”
അവര് തമ്മിൽ ഒത്തുതീർപ്പായപോലെ. കാർന്നോത്തി എന്നിട്ടും അനങ്ങുന്നില്ല.
പെട്ടന്ന് ഒരു കാറ്റടിച്ചു, കാക്കയും തത്തയും കാർന്നോത്തിയും ആടി. അപ്പോളാണ് കാണുന്നത് കഴുത്തിൽ ഒരു കയറു കുരുക്കി കാർന്നോത്തി മച്ചിൽ തൂങ്ങിനിൽക്കുകയാണെന്നു.
തൂങ്ങിയതോ തൂക്കിയതോ എന്നറിയില്ല. കൂരയുടെ തറയിൽ ജാതി തെളിയിക്കുന്ന കടലാസുകളും, റേഷൻ കാർഡുമൊക്കെ നിരന്നു കിടന്നിരുന്നു.
“എന്നാ വാ അരിയിരിക്കുന്ന പാത്രം ഞാൻ കാണിച്ചു തരാം.” കാക്ക തത്തയെ ക്ഷണിച്ചു.
രണ്ടു പേരും പറന്ന് കൂരയുടെ മൂലയ്ക്കിരുന്ന കലത്തിൽ നിന്ന് അരി കൊത്തി തിന്നുവാൻ തുടങ്ങി.